Friday 11 October 2013

കുറ്റവാളികള്‍


(മാധവികുട്ടി)



ഞങ്ങളുടെ കാമം
പ്രത്യേകിച്ചൊരു രാജ്യത്തിന്‍റെയുമല്ലാത്ത
ബഹുവര്‍ണ്ണ പതാകകള്‍പോലെയായിരുന്ന
ഒരു കാലമുണ്ടായിരുന്നു.
സ്ഫടികനേത്രങ്ങളോടെ, ക്ഷീണിച്ചവശരായി
ഞങ്ങള്‍ കിടക്കയില്‍ കിടന്നു.
മരിച്ചുപോയ ശിശുക്കള്‍ ഉപേക്ഷിച്ചുപോയ
കളിപ്പാട്ടങ്ങള്‍പോലെ
ഞങ്ങള്‍ പരസ്പരം ചോദിച്ചു:
എന്താണ് ഉപയോഗം?
എന്താണ് പ്രയോജനം?
മദ്ധ്യാഹ്നത്തില്‍ കുറ്റവാളികള്‍
മണ്‍കട്ടകള്‍ കിളച്ചുതകര്‍ക്കുന്നതു പോലെ
അന്യോന്യം ഓരോരുത്തരുടേയും
അവയവങ്ങള്‍ വെട്ടിമുറിക്കുക.
അത്തരത്തിലുള്ളതായിരുന്നു പ്രണയം.
ചുട്ടുപഴുത്തസൂര്യനു കീഴിലെ
ഭൂമിയായിരുന്നു ഞങ്ങള്‍.
ഞങ്ങളുടെ ഞരമ്പുകളില്‍ പൊള്ളുന്ന ചൂടായിരുന്നു.
ആ ചൂടിനെ ശമിപ്പിക്കുവാന്‍
ശീതളമായ പര്‍വ്വതങ്ങള്‍ക്കുപോലുമായിരുന്നില്ല.
ഞാനും അവനും ഒന്നായിരുന്നപ്പോള്‍
ഞങ്ങള്‍ സ്ത്രീയോ പുരുഷനോ അല്ലായിരുന്നു.
വാക്കുകളൊന്നുംതന്നെ ശേഷിച്ചിരുന്നില്ല.
എല്ലാ വാക്കുകളും
രാത്രിയുടെ പ്രായമേറുന്ന കരളങ്ങളില്‍
തടവില്‍കിടന്നു.
ഇരുട്ടില്‍ ഞങ്ങള്‍ വളര്‍ന്നു.
നിശ്ശബ്ദതയിലെന്നോണം ഞങ്ങള്‍ പാടി,
കടലില്‍നിന്നും
കാറ്റില്‍നിന്നും
ഭൂമിയില്‍നിന്നും
ഓരോ ദുഃഖപൂര്‍ണ്ണമായ രാത്രിയില്‍നിന്നും
വേദന പോലെയും
ഓരോ ഗാനവും ഉയര്‍ന്നു.

0 comments:

Post a Comment