Friday 11 October 2013


അപ്പോളോ പീയറിലെ പ്രഭാതം

(മാധവികുട്ടി)


എന്നെ സ്വീകരിക്കുക
കിടന്നുകൊണ്ട്, പ്രിയപ്പെട്ടവനേ
അങ്ങനെതന്നെ കിടക്കുക
ഞാന്‍ ജാലകമടയ്ക്കാം
മുകളിലേയ്ക്ക് ഉയര്‍ന്നുപൊങ്ങുന്നു
കുഷ്ഠരോഗികളുടെ ദീനവിലാപം.

അപ്പോളോ പീയറില്‍
ഇപ്പോള്‍ പ്രഭാതം
അവിടെ വെട്ടിനുറുക്കപ്പെടുന്ന സമുദ്രം
നിരത്തില്‍
കൂടുകളില്‍നിന്ന് സ്വതന്ത്രരാക്കിയ
തിളങ്ങുന്ന പക്ഷികള്‍പോലെ
സുന്ദരപുരുഷന്മാര്‍,
വേണ്ടത്ര സ്നേഹിക്കപ്പെടാത്തവര്‍
അവയവങ്ങളില്‍ ആലസ്യം കണ്ടെത്താന്‍ മാത്രം
നടക്കുന്നവര്‍.
ഞാന്‍ ഇന്ന് എന്തു കണ്ടുവെന്ന്
നീ എന്നോട് ചോദിക്കുന്നു.
ഞാന്‍ ഇന്നു കണ്ടു,
മുടന്തന്‍ യാചകന്‍ നീങ്ങുന്നത്
അവന്‍റെ ഊന്നുവടിയിലും അവയവങ്ങളിലും
വിശപ്പായിരുന്നു.
വളരേ ചെറിയവരുടെ കുലുങ്ങിയുള്ള നടത്തം ഞാന്‍ കണ്ടു
ശിശുവിന്‍റെ പുഞ്ചിരിയും.
വയസ്സേറുന്ന പുരുഷന്മാരുടെ സൌന്ദര്യം ഞാന്‍ കണ്ടു
ശീതീകരിച്ച മുറിയിലെ
ധവളവര്‍ണ്ണമായ മുഖങ്ങള്‍
മഴയില്‍ നിറംകെട്ടുപോയ പൂക്കളെപ്പോലെ
ഉലഞ്ഞുതൂങ്ങിയ നിതംബങ്ങള്‍
മുടികളിലെ രജതവര്‍ണ്ണം
കണ്ണുകളിലെ അപാരജ്ഞാനം...

അവര്‍ എന്നോടു പറയുന്നു,
എന്‍റെ എല്ലാ കൂട്ടുകാരും
ഞാന്‍ തീര്‍ന്നുപോയെന്ന്
എനിക്കിനിയൊന്നും എഴുതാനാവില്ലെന്നും.
അവര്‍ എന്നോട് പറയുന്നു
സ്വര്‍ണ്ണമുട്ട ഇട്ട താറാവിന്
ഇനിയൊന്നും പ്രതീക്ഷിക്കാനാവില്ലെന്ന്.
അവര്‍ പറയുന്നു
ഇന്നല്ലെങ്കില്‍ നാളെ
ഞാന്‍ ആഴ്ന്നുപോകുന്ന
ഒരു ചതുപ്പുനിലമാണ്
നിന്‍റെ പ്രണയമെന്ന്.
എന്നാല്‍,
നീയെന്നെ ചേര്‍ത്തുപിടിക്കൂ
ഒരിക്കല്‍കൂടി എന്നെ കെട്ടിപ്പിടിക്കൂ
എന്‍റെ അധരങ്ങളിലെ വാക്കുകളെ
ചുംബിച്ച് കൊല്ലൂ.
ഓര്‍മ്മകളെ കൊള്ളയടിക്കൂ
നിന്‍റെ ക്ഷീണിച്ചവശമായ രക്തത്തില്‍
ഞാനെന്‍റെ പരാജയത്തെ ഒളിപ്പിക്കുന്നു,
ഭീതികളേയും, അവമാനങ്ങളേയും.
എല്ലാ കവിതകളും അവസാനിപ്പിക്കാനുള്ള
ഒരു കവിതയാണ് നീ.
ഒരു കവിത
ശവകുടീരത്തിലെ പൂര്‍ണ്ണമായ കവിത
നിന്‍റെ ഉടവുപറ്റിയ സൌന്ദര്യം മാത്രമാണ്
എന്‍റെ അഭയകേന്ദ്രം
ഓ, എന്നെ സ്നേഹിക്കൂ, എന്നെ സ്നേഹിക്കൂ
ഞാന്‍ മരിച്ചുതീരുന്നതുവരെ എന്നെ സ്നേഹിക്കൂ.

0 comments:

Post a Comment