Friday 11 October 2013


ആമിയുടെ ആരാധകന്‍


(എം.ടി. വാസുദേവന്‍ നായര്‍)




ഞാന്‍ ആമി എന്നാണ് വിളിക്കുന്നത്. എന്നെ വാസു എന്നും വിളിക്കും. എത്രയോ വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ അടുത്തബന്ധമാണുള്ളത്. അവര്‍ പുന്നയൂര്‍ക്കുളത്തുകാരാണ്. എന്റെ അച്ഛന്റെ വീടും പുന്നയൂര്‍ക്കുളത്താണ്. ആമിയുടെ കഥകളുടെ ആരാധകനാണുഞാന്‍. അവരുടെ വേര്‍പാട് സാഹിത്യത്തിന് വലിയ നഷ്ടംതന്നെയാണ്. ഏറ്റവും മികച്ച എത്രയോ കഥകള്‍ അവര്‍ എഴുതിയിട്ടുണ്ട്. എനിക്ക് അവരോടുള്ള ആരാധനയെക്കുറിച്ച് ഞാന്‍ മുമ്പ് എഴുതിയിട്ടുണ്ട്. അതു വായിച്ചിട്ട് ആമി പറഞ്ഞത് നോബല്‍സമ്മാനം കിട്ടിയതുപോലെ തോന്നി; ഇനി വേറെ സമ്മാനങ്ങളൊന്നും വേണ്ട എന്നാണ്.
ആമി എന്തെഴുതിയാലും വായിക്കാന്‍ രസമാണ്. സംസാരം കവിതപോലെയാണ്. അവര്‍ക്കുമാത്രം പരിചയമുള്ള ലോകങ്ങളെക്കുറിച്ച് എഴുതി മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. 'നപുംസകം', 'മാഹിയിലെ വീട്' തുടങ്ങിയ കഥകള്‍ ഉദാഹരണം. അതേസമയം നാട്ടിന്‍പുറത്തിന്റെ ജീവിതം ചിത്രീകരിക്കുന്ന മനോഹരമായ രചനകളും അവര്‍ സമ്മാനിച്ചു. 'മണ്ണുതിന്നുന്ന തള്ള'യെപ്പോലെ ചെറിയ പ്രമേയങ്ങള്‍വെച്ച് മനോഹരമായ കഥകള്‍ എഴുതി. ഗ്രാമീണഭാഷ ഇത്രയും ലളിതമായി എഴുതാന്‍ കഴിയുന്നതെങ്ങനെയെന്ന് അത്ഭുതപ്പെട്ടുപോകും. അവര്‍ ഏറെക്കാലവും ജീവിച്ചത് നഗരങ്ങളിലാണ്. പക്ഷേ, നാട്ടിന്‍പുറത്തെ ജീവിതം തന്മയത്വത്തോടെ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു.
സാഹിത്യത്തിനുമപ്പുറമായിരുന്നു ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധം. എന്റെ അസുഖത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ എറണാകുളത്തു വന്നു താമസിക്കാനും അമൃത ആസ്?പത്രിയില്‍ നല്ല ഡോക്ടറുണ്ട് ചികിത്സ ഏര്‍പ്പാടാക്കാമെന്നും പറഞ്ഞ് നിര്‍ബന്ധിക്കാറുണ്ടായിരുന്നു. അവര്‍ താമസിക്കുന്ന സ്ഥലത്തുതന്നെ താഴെ ഫഌറ്റ് ഉണ്ടെന്നും അവിടെ താമസിക്കണമെന്നും ശാസനാരൂപത്തിലാണ് പറയാറുണ്ടായിരുന്നത്. 'കുട്ടി മിണ്ടാതിരിക്കൂ' എന്നൊക്കെ പറഞ്ഞ് സ്‌നേഹപൂര്‍വ്വമായിട്ടായിരുന്നു ശാസന.
പുണെയിലേക്ക് പോകാന്‍ നിശ്ചയിച്ചതിനു പത്തുദിവസംമുമ്പ് എറണാകുളത്തുവച്ച് ഞങ്ങള്‍ കണ്ടിരുന്നു. ഏറെനേരം സംസാരിച്ചതിനുശേഷം പറഞ്ഞു. ''ഇനി പൊയേ്ക്കാളൂ തസ്‌ലീമ നസ്‌റീന്‍ ഒക്കെ വരുന്നുണ്ട്. വലിയ ബഹളമായിരിക്കും'' എന്ന്. നിഷ്‌കളങ്കയായ ഒരു കുട്ടിയുടെ മനസ്സായിരുന്നു ആമിക്ക് എപ്പോഴുമുണ്ടായിരുന്നത്. ഭാഷയ്ക്കും സാഹിത്യത്തിനുമുണ്ടായ നഷ്ടമെന്നതിനപ്പുറം ആമിയുടെ വേര്‍പാട് എനിക്ക് വലിയൊരു നഷ്ടമാണ്.

0 comments:

Post a Comment