Friday 11 October 2013

അവളുടെ വിധി

 (മാധവിക്കുട്ടി)

 

 


'കുട്ടീ കരയാതിരിക്കൂ' അവള്‍ തന്‍റെ മടിയില്‍ കിടക്കുന്ന പൈതലിനെ തലോടിക്കൊണ്ടു പറഞ്ഞു.ആ ചെറിയ പൈതല്‍ തന്‍റെ അമ്മയുടെ അനുലംഘ്യമായ ശാസനയെ അനുസരിച്ചുഎന്ന ഭാവത്തില്‍ കരച്ചില്‍ നിര്‍ത്തി ഇങ്ങനെ ചോദിച്ചു."എനിക്ക് അച്ഛനുണ്ട് എന്ന് അമ്മ പറഞ്ഞുവല്ലോ.അച്ഛനെവിടെയാണ്!എനിക്ക് കാണണം,അമ്മേ!" അവള്‍ തേങ്ങിക്കരഞ്ഞു കൊണ്ടുപറഞ്ഞു:"അച്ഛന്‍...അദ്ദേഹം മരി...." ഈ വാചകം പൂര്‍ത്തിയാവുന്നതിനു മുമ്പ് അവള്‍ വിലപിച്ചുതുടങ്ങി.ബാല്യകാലം മുഴുവന്‍ ഒരു പ്രഭുകുമാരിയായി വളര്‍ന്ന സുമുഖി(അതായിരുന്നു അവളുടെ പേര്)ഇപ്പോള്‍ ഇതാ ദാരിദ്ര്യത്തിന്‍റെ അന്തിമഘട്ടത്തില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.

ബാല്യകാലത്ത്‌ സ്കൂളില്‍ പഠിക്കുവാന്‍ സുമുഖിയെ(അവരുടെ ഏകപുത്രിയെ)അവളുടെ അച്ഛനമ്മമാര്‍ അയച്ചിരുന്നു.അത്യധികം ലാളിച്ചു വളര്‍ത്തിയ തങ്ങളുടെ പുത്രി സ്കൂളുകള്‍,കോളജുകള്‍ ഇവയിലെല്ലാം പഠിച്ചു വിദുഷിയായി ഒരു ധനവാനായ പ്രഭുകുമാരനെ കല്യാണംകഴിച്ചു സുഖമായി താമസിക്കണമെന്നായിരുന്നു അവളുടെ അച്ഛനമ്മമാരുടെ ആശ.എന്നാല്‍ അവരുടെ ആഗ്രഹം നിഷ്ഫലമായിത്തന്നെ ഭാവിച്ചു.സുമുഖിക്ക് 12 വയസ്സായപ്പോള്‍(ആറാംക്ലാസ്സില്‍ പഠിക്കുമ്പോള്‍)വിദ്യാലയത്തിലുള്ള ഒരു ദരിദ്രബാലനില്‍ അവള്‍ക്ക് അനുരാഗവിത്ത് മുളച്ചു.ഇങ്ങനെ അവനെ എനിക്ക് ഇഷ്ടമാണെന്ന് അച്ഛനമ്മമാരോട് ഒട്ടു പറഞ്ഞതുമില്ല.

മകരമാസത്തില്‍ രമണീയമായ ഒരു സമയം.ഉച്ചതിരിഞ്ഞിരിക്കുന്നു.അന്ന് സ്കൂളില്‍ ഒരു നാടകമായിരുന്നു.രാത്രിയായിരുന്നു ആ വിശേഷം.സുമുഖിയും അതിനു പോയിരുന്നു.ആ ദിവസം അവള്‍ നല്ല വില്ലീസുസാരിയും മറ്റും ധരിച്ച് നിബിഡമായ കേശത്തില്‍ വിരിഞ്ഞുതുടങ്ങുന്ന റോജാപ്പൂ കുത്തി പൂര്‍ണചന്ദ്രനെപ്പോലെ സ്കൂളിലേക്ക് ചെന്നു.അന്ന് അവള്‍ എന്തുകൊണ്ടാണ് അത്ര സന്തോഷമായിരിക്കുന്നത് എന്നു മറ്റു സഖിമാര്‍ വിചാരിച്ചു.രാത്രി പതിനൊന്നരമണി സമയം.സുമുഖി പഠിക്കുന്ന സ്കൂളില്‍ നാടകത്തിന്‍റെ ഘോഷംതന്നെയായിരുന്നു.ചെറിയ കുട്ടികള്‍ ചിലര്‍ കൈകൊട്ടിച്ചിരിക്കുകയും മറ്റും ചെയ്തിരുന്നു.കാറ്റത്താടിക്കളിക്കുന്ന വൃക്ഷങ്ങളുടെ ഇലകള്‍ 'കിലകിലാ' എന്ന ശബ്ദം പുറപ്പെടുവിച്ചിരുന്നു.

കടലിന്‍റെ ഭയങ്കരമായ ഗര്‍ജ്ജനം അകലെ നിന്ന് കേള്‍ക്കുന്നുണ്ട്.ആ സമയത്ത് സുമുഖി ആശാസ്യന്‍റെ(ആ ദരിദ്രബാലന്‍)ഒരുമിച്ചു തന്‍റെ നാടു വിട്ടു ചാടിപ്പോയി.അന്യരാജ്യത്ത് അവര്‍ വിവാഹം ചെയ്തു കഴിച്ചുകൂട്ടി.സ്കൂളില്‍ അപ്പോഴേക്കും ബഹളമായിത്തീര്‍ന്നു.'സുമുഖിയെ കാണാനില്ല' ഈ ശബ്ദം അവിടെ മാറ്റൊലിക്കൊണ്ടു.നാടകം നിന്നു.അപ്പോഴേക്കും ഒരു കുട്ടി 'ആശാസ്യനേയും കാണാനില്ല' എന്നുപറഞ്ഞു.ഇത് രണ്ടും തമ്മില്‍ എന്താണു ബന്ധം എന്നു വിചാരിച്ച് എല്ലാവരും നില്‍ക്കുമ്പോള്‍ ഒരു കുട്ടി സുമുഖിയും ആശാസ്യനുംകൂടി ചാടിപ്പോയി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.അപ്പോഴേക്കും സുമുഖിയുടെ അച്ഛനമ്മമാര്‍ വളരെ അന്വേഷിച്ചു.ഒരു തുമ്പുമുണ്ടായില്ല.

കൊല്ലങ്ങള്‍ നാലഞ്ചെണ്ണം ഇഴഞ്ഞുപോയി.സുമുഖിയുടെ അച്ഛനമ്മമാര്‍ മരിച്ചു.സുമുഖി ഇന്ന് ഒരു ചെറുബാലന്‍റെ(2 വയസ്സ്)അമ്മയായിത്തീര്‍ന്നിരിക്കുന്നു.അവന് ആശാസ്യനും സുമുഖിയും കൂടി നല്‍കിയ പേരാണ് ഉമേശന്‍.അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം രാവിലെ രണ്ടു പോലീസുകാര്‍ വന്ന് ആശാസ്യനെ ഏതോ ഒരു കുറ്റം ചെയ്തതിനാല്‍ പിടിച്ചു തൂക്കിലിട്ടു കൊന്നു.സുമുഖി അസ്വസ്ഥയായി.ഇങ്ങനെ ഇരിക്കുമ്പോഴാണ്‌ നാം സുമുഖിയെ ഒരു കുടിലിന്‍റെ ഉമ്മറത്ത്‌ ഉമേശനെയും എടുത്തുകാണുന്നത്.പിറ്റേദിവസം രാവിലെ അയല്‍പക്കത്ത് പാര്‍ക്കുന്ന കല്യാണിയമ്മ വന്ന് സുമുഖിയോടു കുറച്ചു പണം വേണമോ എന്നു ചോദിച്ചു.അവള്‍ വേണ്ട എന്ന് തല്‍ക്ഷണം പറഞ്ഞു.കല്യാണിയമ്മ:"നിങ്ങളുടെ കുട്ടിക്ക് കഞ്ഞികൊടുക്കുവാന്‍ കാശ് ആര്‍ തരും?" സുമുഖി:"ദൈവം തരും."പിറ്റേ ദിവസം രാവിലെ എല്ലാവരും ഉണര്‍ന്നപ്പോള്‍ കിണറ്റില്‍ സുമുഖിയുടെ ശവം കണ്ടെത്തി.മുറ്റത്തുകിടന്നു നിലവിളിക്കുന്ന ഉമേശനെ അയല്‍പക്കക്കാര്‍ കൊണ്ടുപോയി രക്ഷിച്ചുപോന്നു.എല്ലാം അവളുടെ വിധി.അത്രയേ പറയാനുള്ളു.

0 comments:

Post a Comment